ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലെ കൊല്ലം കടവൂർ ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ റോഡ് വികസനത്തിന് 1663.15 കോടി രൂപയുടെ പദ്ധതിക്ക് അന്തിമാനുമതിയായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അംഗീകരിച്ചതിനെത്തുടർന്നാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് എൻഎച്ച്-183 നവീകരിക്കുക.
മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജഴ്സി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽഇഡി ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും.
കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാംകുഴി, കൊച്ചാലുംമൂട് , പെണ്ണുക്കര, ആഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നു മുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻ മുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറു ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.
എന്നാൽ ആദ്യഘട്ടത്തിൽ തീരുമാനിച്ചതുപോലെ നിലവിലുള്ള ഗാതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിൽ റോഡ് 24 മീറ്ററിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വീണ്ടും കാണുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു .